ദുബായ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികളായ ഡോക്ടര്‍മാര്‍ക്ക് ദുബായില്‍ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ നേടിയതില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ കൂടി. കാസര്‍കോട് ചെറുവത്തൂര്‍ പടന്ന സ്വദേശി ഡോ. സയ്യദ് അഷ്‌റഫ് ഹൈദ്രോസും തിരുവനന്തപുരം വര്‍ക്കല സ്വദേശി ഡോ ഷാജി മുഹമ്മദ് ഫനീഫുമാണ് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായത്.  

ദുബായ് റാഷിദ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഡോ സയ്യ്ദ് അഷ്‌റഫും ഡോ ഷാജിയും. കഴിഞ്ഞ 11വര്‍ഷമായി റാഷിദ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ സയ്യദ് അഷ്‌റഫ് ഹൈദ്രോസ് മൈസൂരില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷം സേലം വിനായക വിഷന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംഡി കരസ്ഥമാക്കി. നാലുവര്‍ഷം സൗദി അറേബ്യയില്‍  ജോലി ചെയ്ത ശേഷമാണ് യുഎഇയിലെത്തിയത്. 

24 വര്‍ഷമായി യുഎഇയിലുള്ള ഡോ ഷാജി 2007ലാണ് റാഷിദ് ആശുപത്രിയിലെത്തുന്നത്. മുമ്പ് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സെന്ററിലായിരുന്നു സേവനം അനുഷ്ഠിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും മംഗളൂരു കെഎംസിയില്‍ നിന്ന് എംഡി നേടി. ശേഷം ഇംഗ്ലണ്ടില്‍ ഉപരി പഠനവും നടത്തി.

വീട്ടമ്മയായ ഫര്‍ഹാനയാണ് ഡോ.സയ്യദ് അഷ്‌റഫിന്റെ ഭാര്യ. മകന്‍ സയ്യിദ് ഹൈദ്രോസ് അലീഫ് മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ദുബായില്‍ വിദ്യാര്‍ത്ഥികളായ ഫാത്തിമ അദീബ, ഹിദായ സൈനബ് എന്നിവരാണ് മറ്റു മക്കള്‍.

 വീട്ടമ്മയായ റൈഹാനത്താണ് ഡോ.ഷാജിയുടെ ഭാര്യ. ഇദ്ദേഹത്തിന്‍റെ  മൂത്ത മകന്‍ ഷഫീഖ് ദുബായില്‍ എന്‍ജിനീയറാണ്.  ദുബായില്‍ സേവനം ചെയ്യുന്ന ഡോ.ഹീമയാണ് ഷഫീഖിന്റെ ഭാര്യ. രണ്ടാമത്തെ മകള്‍ ഷഹാന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംഡിക്ക് പഠിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് ഡോ.ആഷിഖ് ബംഗളൂരുവില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. മൂന്നാമത്തെ മകന്‍ റാഫി എം.ഷാജി ബംഗളൂരുവില്‍ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.

കാസര്‍കോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ സി എച്ച് അബ്ദുല്‍ റഹ്മാനും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കാലത്തെ സേവനങ്ങള്‍ക്ക് യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായാണിത്.  212 ഡോക്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

ചിത്രം- ഡോ. സയ്യദ് അഷ്‌റഫ് ഹൈദ്രോസ്, ഡോ ഷാജി മുഹമ്മദ് ഫനീഫ്