റിയാദ്: കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ റിയാദിൽ മരിച്ചു. ശുമൈസി ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കണ്ണൂർ ചക്കരക്കല്ല് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി.സി. സനീഷ് (37), മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ശഫീഖ് (43) എന്നിവരാണ് മരിച്ചത്. 

രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്ന പി.സി. സനീഷിന് അതിനിടയിലാണ് കൊവിഡ് ബാധിച്ചത്. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. ഭാര്യയും ഒന്നരവയസുള്ള മകനുമുണ്ട്. രാജൻ, സതി ദമ്പതികളുടെ മകനാണ്. 

ബത്ഹയിൽ റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്നു മരിച്ച വേങ്ങര സ്വദേശി ശഫീഖ്. ഇയാൾക്ക് കിങ് ഫഹദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായിരുന്നു. ബുധനാഴ്ച രാവിലെ നില ഗുരുതരമായതിനെ തുടർന്ന് ഉച്ചയോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദയാണ് മാതാവ്. ഭാര്യ: അസ്മാബി (കണ്ണമംഗലം പഞ്ചായത്ത് മുൻ വാർഡ് മെമ്പർ). മക്കൾ: അസ്ന, ശാലു. സഹോദരൻ സൈതലവി ദമ്മാമിലുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അമീൻ അക്ബർ തൊമ്മങ്ങാടൻ എന്നിവർ രംഗത്തുണ്ട്.