അബുദാബി/ദുബായ്: തിങ്കളാഴ്‍ച യുഎഇയിലെ അബുദാബിയിലും ദുബായിലും ഗ്യാസ് ചോര്‍ന്നുണ്ടായ അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ടിടങ്ങളിലും റസ്റ്റോറന്റുകളിലാണ് അപകടമുണ്ടായത്. അബുദാബിയില്‍ രണ്ട് പേരും ദുബായില്‍ ഒരാളും മരിച്ചു. രണ്ട് കെട്ടിടങ്ങളില്‍ നിന്നും ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. അബുദാബിയില്‍ സ്‍ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തുള്ള റോഡുകള്‍ പൊലീസ് താത്കാലികമായി അടച്ചിട്ടു.

തിങ്കാളാഴ്ച രാവിലെ അബുദാബി റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലെ (എയര്‍പോര്‍ട്ട് റോഡ്) റസ്റ്റോറന്റിലാണ് ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് സ്‍ഫോടനമുണ്ടായത് സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. അപകടമുണ്ടായ ഉടന്‍ 

എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ജയറക്ടറേറ്റിലെ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം രംഗത്തെത്തി ആളുകളെ ഒഴിപ്പിച്ചു. സ്‍ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന ഒരാളും പരിസരത്തുകൂടി പോയ മറ്റൊരാള്‍ കെട്ടിടാവശിഷ്ടങ്ങള്‍ ശരീരത്തില്‍ പതിച്ചുമാണ് മരിച്ചത്.ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്ഥലം പൂര്‍ണമായി അടച്ചു. സംഭവത്തെ തുടര്‍ന്ന് ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായും പൊലീസ് അറിയിച്ചു.

റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില  വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ശക്തമായ സ്‍ഫോടനമായിരുന്നുവെന്നും പ്രദേശത്താകെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായയും ദൃക്സാക്ഷികളില്‍ ചിലര്‍ പറഞ്ഞു. കെട്ടിടത്തിലെ താമസക്കാര്‍ക്ക് താത്കാലിക താമസ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ നാല് നില കെട്ടിടത്തില്‍ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ 4.31നാണ് തീപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവ സമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഒരാള്‍ മരണപ്പെട്ടു.  

നാദ് അല്‍ ഷെബ ഫയര്‍സ്റ്റേഷനില്‍ നിന്ന് അഗ്നിശമന സേന ഉടന്‍തന്നെ സ്ഥലത്തെത്തി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അര മണിക്കൂറിനകം തീ നിയന്ത്രണ വിധേയമാക്കി ശേഷം തുടര്‍ നടപടികള്‍ക്കായി കെട്ടിടം പൊലീസിന് കൈമാറി.