കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഷുവൈഖ് വ്യവസായ മേഖലയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. മറ്റൊരാള്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഗ്നിശമന സേനാ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വര്‍ക്ക്‌ഷോപ്പില്‍ വെച്ച് ടാങ്കറിന്റെ വെല്‍ഡിങ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ 30 മീറ്ററോളം നീങ്ങിയ ടാങ്കര്‍ പാലത്തില്‍ ചെന്നിടിച്ചാണ് നിന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടമുണ്ടായ സാഹചര്യം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.