ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർത്ഥാടകർ മക്കയിൽ വെച്ച് മരിച്ചു. കോഴിക്കോട് സ്വദേശി ഹസൻ കുട്ടി ഹാജി, മലപ്പുറം സ്വദേശി മൊയ്തുട്ടി എന്നിവരാണ് മരിച്ചത്.  

റിയാദ്: ഈ വർഷത്തെ ഹജ്ജ് പുണ്യകർമങ്ങൾ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർത്ഥാടകർ മക്കയിൽ വെച്ച് മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ താഴെ ചന്ദ്രോത്ത് ഹസൻ കുട്ടി ഹാജി (70), മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശിയായ പുതിയോടത്ത് മൊയ്തുട്ടി (65) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും തങ്ങളുടെ ഭാര്യമാർക്കൊപ്പമാണ് ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിൽ എത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് വടകര സ്വദേശിയായ ഹസൻ കുട്ടി ഹാജി മക്കയിലെത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തിന്റെ മൃതദേഹം മക്കയിൽ തന്നെ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. സൗദി അധികൃതരുടെയും സ്റ്റേറ്റ് ഹജ്ജ് ഇൻസ്ട്രക്ടർമാരുടെയും നേതൃത്വത്തിൽ ഇതിനായുള്ള മരണാനന്തര നിയമനടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, സ്വകാര്യ ഗ്രൂപ്പ് വഴിയാണ് മലപ്പുറം സ്വദേശിയായ മൊയ്തുട്ടി ഹജ്ജ് നിർവഹിക്കാനെത്തിയത്. ഹജ്ജ് ചടങ്ങുകളെല്ലാം വിജയകരമായി പൂർത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെയും മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.