കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്തേക്ക് ഇത്രയധികം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് 335 കിലോഗ്രാം ഹാഷിഷും 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളും പിടിച്ചെടുത്തത്. 20 ലക്ഷം കുവൈത്ത് ദിനാര്‍ വിപണി വിലയുള്ള ലഹരിമരുന്നാണ് പിടികൂടിയത്.

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദ് അല്‍ സബാഹ്, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി മാസിന്‍ അല്‍ നാഹേദ് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ശേഖരം പരിശോധിച്ചു. കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് രാജ്യത്തേക്ക് ഇത്രയധികം ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More - ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയ സുഹൃത്ത് വരുത്തിവെച്ചത് 13 ലക്ഷത്തിന്റെ ട്രാഫിക് ഫൈന്‍; കേസ് കോടതിയില്‍

അതേസമയം കുവൈത്തില്‍ തൊഴില്‍ - താമസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്കായി പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം അഹ്‍മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സംഘമെത്തി റെയ്ഡ് നടത്തി. 17 പ്രവാസികളെ ഇവിടെ നിന്ന് പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്‍തിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരുമാണിവര്‍. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. 

കുവൈത്തിലെ മസാജ് സെന്ററുകളില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് വ്യാപക റെയ്‍ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തി. മസാജ് സെന്ററുകളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 14 പ്രവാസികളെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

Read More -  ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

മനുഷ്യക്കടത്തിനും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തുന്ന, കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസാജ് സെന്ററുകളില്‍ അധികൃതര്‍ റെയ്‍ഡ് നടത്തിയിരുന്നു.