അബുദാബി: മികച്ച പ്രകടനം കാഴ്ചവെച്ച യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെയും മോശം നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും പട്ടിക കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് പുറത്തുവിട്ടിരുന്നു.

നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം പ്രത്യേക പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് കഴിഞ്ഞ ദിവസം യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മോശം ഓഫീസുകളുടെയും പട്ടിക ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറത്തുവിട്ടത്. മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരെ ഉടനടി മാറ്റിയിട്ടുണ്ട്. പകരം ഇവിടങ്ങളില്‍ 'ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നറിയുന്ന' ആളുകളെ നിയമിച്ചതായും ശൈഖ് മുഹമ്മദ് അറിയിച്ചു. ഇതോടൊപ്പമാണ് മികച്ച പ്രകടനം കാഴ്ചവെച്ച ഓഫീസുകളിലുള്ളവര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം ബോണസായി നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. 

പരിശോധനയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍ ഇവയാണ്...
1. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് - ഫുജൈറ സെന്റര്‍
2. വിദ്യാഭ്യാസ മന്ത്രാലയം - അജ്മാന്‍ സെന്റര്‍
3. ആഭ്യന്തര മന്ത്രാലയം - ട്രാഫിക് ആന്റ് ലൈസന്‍സിങ് അജ്മാന്‍ സെന്റര്‍
4. ആഭ്യന്തര മന്ത്രാലയം - വാസിത് പൊലീസ് സ്റ്റേഷന്‍, ഷാര്‍ജ
5. ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാം , റാസല്‍ഖൈമ സെന്റര്‍