ദുബായ്: രണ്ട് മലയാളി പ്രവാസികൾക്ക് കൂടി കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായി. ആലപ്പുഴ, തൃശ്ശൂർ സ്വദേശികളാണ് കൊവിഡ് ബാധയെ തുടർന്ന് ഗൾഫിൽ മരണപ്പെട്ടത്. ആലപ്പുഴ പള്ളിപ്പുറം കുറുപ്പശ്ശേരിയിൽ ഷാജി ചെല്ലപ്പൻ ഷാർജയിൽ വച്ചാണ് മരണപ്പെട്ടത്. 52 വയസായിരുന്നു. 

ഇലക്ട്രീഷ്യനായ ഷാജിയെ രണ്ട് ദിവസം മുൻപാണ് ഷാർജയിലെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധം ഉണ്ടായിരുന്നതിനാൽ നടത്തിയ കൊവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ന്യൂമോണിയ കൂടി നില വഷളാവുകയും ഇന്ന് രാവിലെ ഏഴരയോടെ മരണം സംഭവിക്കുകയുമായിരുന്നു. 

കുന്നംകുളം കല്ലഴിക്കുന്ന് സ്വദേശി അശോക് കുമാറാണ് കൊവിഡ് ബാധിച്ചു മരിച്ച രണ്ടാമത്തെ പ്രവാസി മലയാളി. ദുബായില്‍ വച്ചാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതും മരിച്ചതും. 53 വയസ്സായിരുന്നു. 

ഇതോടെ ഗള്‍ഫില്‍ ആകെ കൊവിഡ് മരണങ്ങൾ 560ആയി. 1,01,531പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.  24 മണിക്കൂറിനിടെ 4,737പേര്‍ക്കാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്.