ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി അജയന്‍ പത്മനാഭന്‍ കുവൈത്തിലും പത്തനംതിട്ട റാന്നി സ്വദേശി തോമസ് തച്ചിനാലില്‍ ദുബായിലുമാണ് മരിച്ചത്. ഇതോടെ 148 മലയാളികളടക്കം ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 1013ആയി. 

ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 2,16,321 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് സൗദി അറേബ്യയിലാണ്. 458 പേരാണ് സൗദിയില്‍ മരിച്ചത്. വന്ദേഭാരത് മൂന്നാം ഘട്ടത്തിൽ ഗള്‍ഫില്‍ നിന്ന് ഇന്ന് ഒമ്പത് വിമാനങ്ങളിലായി ആയിരത്തി അഞ്ഞൂറിലേറെ പ്രവാസി മലയാളികള്‍ ഇന്ന് നാട്ടിലെത്തും. വിശുദ്ധ മക്കയില്‍ രണ്ട് ഘട്ടങ്ങളായി കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചു. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.