രണ്ട് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. 2,672 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ പരേഖിനെയും വ്യാജ പാസ്‌പോർട്ട് നിർമ്മിച്ച കുമാറിനെയും സിബിഐയും ഹരിയാന പൊലീസുമാണ് ഇന്ത്യയിലെത്തിച്ചത്.  

ദില്ലി: സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽപ്പെട്ട് രാജ്യം വിട്ട രണ്ട് കുപ്രസിദ്ധ കുറ്റവാളികളെ യുഎഇ അധികൃതർ ഇന്ത്യക്ക് കൈമാറി. കൊൽക്കത്ത ആസ്ഥാനമായുള്ള ശ്രീഗണേഷ് ജ്വല്ലറി ഹൗസിന്റെ പ്രമോട്ടർ കമലേഷ് പരേഖ്, പാസ്‌പോർട്ട് തട്ടിപ്പ് സംഘത്തിന്‍റെ തലവൻ ആലോക് കുമാർ എന്നിവരെയാണ് സിബിഐയുടെയും ഹരിയാന പൊലീസിന്‍റെയും നേതൃത്വത്തിൽ ഇന്ത്യയിലെത്തിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 25 ബാങ്കുകളുടെ കൺസോർഷ്യത്തെ 2,672 കോടി രൂപ (ഏകദേശം 1,000 കോടി ദിർഹം) വഞ്ചിച്ച കേസിലെ മുഖ്യ പ്രതിയാണ് കമലേഷ് പരേഖ്. വിദേശ കമ്പനികളുടെ ശൃംഖലയുണ്ടാക്കി ബാങ്കുകളിൽ നിന്ന് ലഭിച്ച വൻ തുക വകമാറ്റി ചെലവഴിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

2016-ൽ കേസ് രജിസ്റ്റർ ചെയ്തത് മുതൽ ഇയാൾ ഒളിവിലായിരുന്നു. ഇന്‍റർപോൾ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ യുഎഇയിൽ വെച്ച് മെയ് 1നാണ് ഇയാളെ പിടികൂടിയത്. ദില്ലി കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകും. യശ്പാൽ സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന ആലോക് കുമാർ ആണ് രണ്ടാമത്തെ കുറ്റവാളി. പാസ്‌പോർട്ട് തട്ടിപ്പ് കേസിലെ പ്രതിയാണ്. വ്യാജ രേഖകൾ ചമച്ച് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഉൾപ്പെടെ നിയമവിരുദ്ധമായി ഇന്ത്യൻ പാസ്‌പോർട്ടുകൾ സംഘടിപ്പിച്ചു നൽകുന്ന സംഘത്തിന്‍റെ മുഖ്യ ആസൂത്രകനാണിയാൾ. ഹരിയാന പൊലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ വെച്ച് അറസ്റ്റിലായ ഇയാളെ മെയ് 1-ന് മുംബൈയിലെത്തിച്ച് ഹരിയാന പൊലീസിന് കൈമാറി.

ഇന്ത്യ-യുഎഇ സഹകരണം

കുറ്റവാളികളെ കൈമാറുന്ന കാര്യത്തിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഈ നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. സാമ്പത്തിക കുറ്റവാളികൾക്ക് വിദേശരാജ്യങ്ങളിൽ സുരക്ഷിതമായി ഒളിവിൽ കഴിയാൻ കഴിയില്ലെന്ന കർശനമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.