അബുദാബി: കൊറോണ വൈറസ് ബാധിച്ച് യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ രോഗവിമുക്തി നേടിയവരുടെ എണ്ണം മൂന്നായി. ആകെ എട്ട് പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഇനി അഞ്ച് പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം സുഖം പ്രാപിച്ച രണ്ടുപേരും ചൈനീസ് പൗരന്മാരാണ്. 41കാരനായ പുരുഷനും ഇയാളുടെ എട്ട് വയസുള്ള മകനുമാണ് രോഗമുക്തി നേടിയത്. നേരത്തെ ചൈനയില്‍ നിന്നെത്തിയ 73കാരിയും സുഖം പ്രാപിച്ചിരുന്നു. രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമത കൂടിയാണ് ഇത് തെളിയിക്കുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചത്. യുഎഇയിലെ ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലി സുഹാങ്, യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് വിഭാഗം മേധാവി ഡോ. ഫാത്തിമ അല്‍ അത്തര്‍ എന്നിവര്‍ ഇരുവരെയും സന്ദര്‍ശിച്ചു. തങ്ങള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കിയതിനും ഇവര്‍ യുഎഇ അധികൃതര്‍ക്ക് നന്ദി അറിയിച്ചു.

സൗഹൃദ രാജ്യമായ ചൈനയിലെ ജനങ്ങളോടുള്ള പിന്തുണ അറിയിക്കുക കൂടിയാണ് യുഎഇ എന്ന് ഡോ. ഫാത്തിമ പറഞ്ഞു. കൊറോണ വൈറസ് ബാധയ്ക്ക് വാക്സിനോ മറ്റ് ചികിത്സകളോ ഇല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കുകയും സങ്കീര്‍ണതകളുണ്ടാവാതെ പരിചരിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നിലാണ് ഇരുവര്‍ക്കും ചികിത്സ നല്‍കിയത്. കൊറോണ വൈറസ് ബാധിക്കുന്നവരില്‍ 98 ശതമാനവും രോഗത്തെ അതിജീവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു.