ദുബൈ: പ്രവാസിയെ ഭീഷണിപ്പെടുത്തിയ പണം തട്ടിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദുബൈ കോടതിയില്‍ നടപടി തുടങ്ങി. 34കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് പരാതി നല്‍കിയത്. 20 വയസുള്ള രണ്ട് അറബ് യുവാക്കളാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ജൂലൈ 18ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഗ്രോസറി സ്റ്റോറിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു സംഘം കാറില്‍ സ്ഥലത്തെത്തിയത്. ഒരാള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി അടുത്ത് വന്ന് താന്‍ സി.ഐ.ഡി ഓഫീസറാണെന്നും സിഗിരറ്റ് വില്‍പന നടത്തിയതിന് നടപടിയെടുക്കുകയാണെന്നും പറയുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി. കാറില്‍ തൊട്ടടുത്ത് ഇരുന്നയാള്‍, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പഴ്‍സും മൊബൈല്‍ ഫോണും എമിറേറ്റ്സ് ഐ.ഡിയും വാങ്ങി. അഞ്ച് മിനിറ്റ് വാഹനം ഓടിച്ച ശേഷം അല്‍ ഖൂസിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇറക്കിവിട്ടു. മൊബൈല്‍ ഫോണും എമിറേറ്റ്സ് ഐ.ഡിയും തിരിച്ച് നല്‍കി. 

വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്ത് ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. തന്റെ പഴ്‍സിലുണ്ടായിരുന്ന 3000 ദിര്‍ഹം യുവാക്കള്‍ തട്ടിയെടുത്തതായി പരാതില്‍ പറയുന്നു. പ്രതികളെ പിന്നീട് പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവാവ് തിരിച്ചറിഞ്ഞു. തോക്കും തട്ടിയെടുത്ത പണത്തില്‍ ബാക്കിയുണ്ടായിരുന്ന 925 ദിര്‍ഹവും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റ് തൊഴിലാളികളെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും ആരുടെ പക്കലും പണമില്ലായിരുന്നെന്നും ഇവര്‍ മൊഴി നല്‍കി. കേസില്‍ നവംബര്‍ 18ന് കോടതി വിധി പറയും.