സൗദിയിൽ രണ്ട് യു പി സ്വദേശികൾ മരിച്ചു. സൗദിയിലെ ഹഫർ അൽ ബാതിനിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ആത്മഹത്യ ചെയ്ത അബ്ദുൽ കലാം സത്താർ, ഹൃദയാഘാതം മൂലം മരിച്ച രാജേന്ദ്ര കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി ലക്നൗവിൽ എത്തിച്ചത്.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. അബ്ദുൽ കലാം സത്താർ (54), രാജേന്ദ്ര കുമാർ (43) എന്നിവരുടെ മൃതദേഹങ്ങളാണ് ലക്നൗ വിമാനത്താവളത്തിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയത്.

സൗദിയിൽ വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ കലാം സത്താർ ജീവനൊടുക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോയിരുന്നില്ല. അടുത്ത മാസം മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹത്തെ ദിബിയ പ്രദേശത്ത് വാഹനത്തിെൻറ ക്യാബിെൻറ പിൻവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനും പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾക്കും ശേഷം മരണം ആത്മഹത്യയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവുകൾ വഹിക്കാൻ സ്പോൺസർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടുകയായിരുന്നു. എംബസി നേരിട്ട് ഇടപെട്ട് എംബാമിങ് ഉൾപ്പെടെയുള്ള സാമ്പത്തിക ചെലവുകൾ ഏറ്റെടുത്താണ് തുടർനടപടികൾ പൂർത്തിയാക്കിയത്. സൗദിയിലെത്തിയിട്ട് ആറ് മാസം മാത്രമായിരുന്ന രാജേന്ദ്ര കുമാർ, കിങ് ഖാലിദ് മിലിറ്ററി ക്യാമ്പിലെ റൂമിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാതിൻ പ്രസിഡൻറ് വിബിൻ മറ്റത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് നേതൃത്വം നൽകിയത്. ലക്നൗ വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ബന്ധുക്കൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. പ്രവാസികളുടെ മരണത്തെ തുടർന്ന് കടുത്ത സാമ്പത്തിക-നിയമ പ്രതിസന്ധികൾ നേരിട്ട കുടുംബങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ സമയോചിതമായ ഇടപെടൽ വലിയ ആശ്വാസമായി.