ബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഷാർജ നബ്ബയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴി ദുബൈ റാഷിദിയ്യയിൽ വെച്ചായിരുന്നു അപകടം.

ദുബൈ: ദുബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ദുബൈ എമിറേറ്റ്സ് എയരർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിനാണ് മരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി വൺ വിദ്യാർത്ഥിയായിരുന്നു.

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഷാർജ നബ്ബയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴി ദുബൈ റാഷിദിയ്യയിൽ വെച്ച് ഇവ‍ർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബൈ പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാർജയിൽ താമസിക്കുന്ന ജോബിൻ ബാബു വർഗീസ് ഷാർജ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗമാണ്. നയോമിയുടെ ഇരട്ട സഹോദരൻ നീതിൻ ജോബിനും ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയാണ്. നോവ ജോയ് മറ്റൊരു സഹോദരിയാണ്. വിവരമറിച്ച് ജോബിന്റെ മാതാപിതാക്കൾ ഷാർജയിൽ എത്തിയിട്ടുണ്ട്. നയോമിയുടെ മൃതദേഹം ജബൽ അലിയിൽ സംസ്കരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്