അബുദാബി: ഇസ്രായേല്‍ ബഹിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറല്‍ നിയമം റദ്ദാക്കി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. യുഎഇയും ഇസ്രായേലും തമ്മിലുള്ള സമാധാന കരാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് 1972ലെ 15-ാം നമ്പര്‍ ഫെഡറല്‍ നിയമം യുഎഇ റദ്ദാക്കിയത്.

ഇസ്രായേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന നിയമം റദ്ദാക്കിയത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രായേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റ് രാജ്യങ്ങളിലുള്ള ഇസ്രായേല്‍ പൗരന്മാരുമായോ ഇസ്രയേല്‍ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റ് ഇടപാടുകളിലും ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഒപ്പുവെക്കുന്നതിനും സാധിക്കും. ഇസ്രായേലി ഉല്‍പ്പന്നങ്ങളും ചരക്കുകളും രാജ്യത്ത് എത്തിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും അനുവാദമുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.