പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും റദ്ദാക്കിയിരുന്നു. ഇവയാണ് പുനരാരംഭിക്കുന്നത്. 

ദുബൈ: പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷം വ്യോമപാത തുറന്നായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്. 

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ യുഎഇയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിപ്പ്. ഇന്ന് പകല്‍സമയത്തെ തെരഞ്ഞെടുത്ത ചില സര്‍വീസുകള്‍ സാധാരണ നിലയില്‍ സര്‍വീസ് നടത്തും. എന്നാല്‍ വൈകുന്നേരത്തെ ചില സര്‍വീസുകള്‍ ഇത്തിഹാദ് റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ സര്‍വീസുകള്‍

EY296 / EY297 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം- കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളം

EY302 / EY303 – അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം- ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം.

പാകിസ്ഥാന്‍ വ്യോമപാത തുറന്നതോടെ എമിറേറ്റ്സ് എയര്‍ലൈന്‍സും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. 

EK600/601 on മെയ് 11— ദുബൈ-കറാച്ചി-ദുബൈ

EK618/619 on മെയ് 11—ദുബൈ‑സിയാൽകോട്ട്‑ദുബൈ

EK622/623 on മെയ് 11—ദുബൈ‑ലാഹോര്‍‑ദുബൈ

EK612/613 on മെയ് 12—ദുബൈ‑ഇസ്ലാമാബാദ്‑ദുബൈ

EK636/EK637 on മെയ് 13—ദുബൈ‑പെഷാവര്‍‑ദുബൈ

എന്നീ സര്‍വീസുകളാണ് പുനരാരംഭിച്ചത്.

മെയ് 11 മുതല്‍ പാകിസ്ഥാനിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി എയര്‍ അറേബ്യയും അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം