അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം വരെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും. അല്‍ ഐന്‍, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം കനത്ത മഴ ലഭിച്ചു. യുഎഇയുടെ ആകാശം മേഘാവൃതമാകുമെന്നും ഇന്ന് വൈകുന്നേരം വരെ ഇങ്ങനെ തുടരുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽ ഐനിലെ അൽ ഷ്വൈബിന്‍റെ വടക്കൻ ഭാഗമായ അൽ ഫാവിലും , അബുദാബിയിലെ മദാം പ്രദേശത്തിന്റെ തെക്കും ഷാർജയുടെ മധ്യഭാഗമായ അൽ ബദൈറിലും ശനിയാഴ്ച വൈകിട്ട് 4.30 നാണ് മഴ ആരംഭിച്ചത്. ഫുജൈറ മുതല്‍ അല്‍ ഐന്‍ വരെയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. മാറിയ വേഗപരിധികള്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഇവ പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി.


