അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പൊലീസ് നായകളെ ഉപയോഗിച്ചുതുടങ്ങി. രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളടക്കം മൂന്ന് എന്‍ട്രി പോയിന്റുകളിലാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്. രോഗബാധ സംശയിക്കുന്നവരുടെ കക്ഷത്തില്‍ നിന്ന് സ്വാബ് ഉപയോഗിച്ച് ശേഖരിക്കുന്ന സാമ്പിളുകളാണ് ഉപയോഗിക്കുന്നത്.

അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലും ഗുവൈഫത്ത് ബോര്‍ഡര്‍ പോയിന്റിലുമാണ് ഇപ്പോള്‍ പൊലീസ് നയകളെ ഉപയോഗിക്കുന്നത്. കക്ഷത്തില്‍ നിന്നെടുക്കുന്ന ചെറിയ സാമ്പിളിലെ ഗന്ധം തിരിച്ചറിഞ്ഞ് പൊലീസ് നായകള്‍ നിമിഷങ്ങള്‍ക്കകം തന്നെ കൊവിഡ് വൈറസ് ബാധയുണ്ടോയെന്ന് വ്യക്തമാക്കും. യാത്രക്കാര്‍ക്ക് നായകളുമായോ അവരുടെ പരിശീലകരുമായോ നേരിട്ട് ബന്ധമുണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കക്ഷത്തില്‍ നിന്ന് സ്വാബ് ഉപയോഗിച്ച് എടുക്കുന്ന സാമ്പിള്‍, പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ മെഡിക്കല്‍ കിറ്റിലാക്കി നായകള്‍ക്ക് മുന്നിലെത്തിക്കുകയാണ് ചെയ്യുന്നത്. സെക്കന്റുകള്‍ക്കകം തന്നെ രോഗിയാണോയെന്ന് മനസിലാക്കാനാവുമെന്നും അധികൃതര്‍ പറയുന്നു. രാജ്യത്തേക്ക് കൂടുതല്‍ വിമാന സര്‍വീസ് തുടങ്ങിയിരിക്കെ, ഒരു അധിക സുരക്ഷാ നടപടിയെന്ന തരത്തിലാണ് ഇത്തരമൊരു സംവിധാനമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

കൊവിഡ് രോഗികളെ തിരിച്ചറിയുന്നതിനായി പൊലീസ് നായകളെ ഉപയോഗിക്കുമെന്നും ഇതിനായി നടത്തിയ പരീക്ഷണം വിജയികരമായിരുന്നുവെന്നും നേരത്തെ തന്നെ ഷാര്‍ജ പൊലീസ് അറിയിച്ചിരുന്നു. ലോകത്ത് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ എന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണങ്ങളില്‍ 92 ശതമാനം കൃത്യതയാണ് പൊലീസ് നായകളെ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ലഭിച്ചത്.