അബുദാബി: കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന്  യുഎഇ. രോഗബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കാം. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ള പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കും.വിദേശികളെ നാട്ടിലെത്താനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.   

എന്നാല്‍  യുഎഇയുടെ വാഗ്ദാനത്തോട് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. പ്രവാസികളെ മടക്കിയെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഷയം കഴിഞ്ഞ ദിവസം ഗൾഫ് രാഷ്ട്രത്തലവന്‍മാരുമായി  പ്രധാനമന്ത്രി നരേന്ദ്രമോദിയും ചർച്ച ചെയ്തിരുന്നു.