അബുദാബി: യുഎഇയില്‍ 3,362 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ആറ് പേര്‍ മരണപ്പെടുകയും ചെയ്‍തു. അതേസമയം 2,588 പേര്‍ രോഗമുക്തി നേടിയതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,34,768 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2.18 കോടിയിലധികം പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.   ഇതുവരെ 2,39,587 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,13,149 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 723 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ 25,715 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

അതേസമയം സ്വദേശികളോടും വിദേശികളോടും കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും ഓര്‍മിപ്പിക്കുന്നു. രാജ്യത്തെ സ്വകാര്യ ആശുപത്രികളടക്കം 150ല്‍ അധികം കേന്ദ്രങ്ങളിലൂടെ സൗജന്യമായാണ് വാക്സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്.