അബുദാബി: യുഎഇയില്‍ എട്ട് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 165 ആയി. 502 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 16,240 ആയി.

213 പേരാണ് യുഎഇയില്‍ ഇന്ന് കൊവിഡ് വൈറസ് മുക്തരായത്. ഇതുവരെ 3572 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 33,000ല്‍ അധികം കൊവിഡ് പരിശോധനകള്‍ നടത്തി. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏറെ പേര്‍ക്ക് അസുഖം ഭേദമാകുന്നത് ആശ്വാസം പകരുന്നുണ്ട്. രാജ്യത്തുടനീളം വ്യാപകമായ പരിശോധനയാണ് അധികൃതര്‍ നടത്തി വരുന്നത്. അബുദാബി മുസഫയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പുതിയതായി സ്ഥാപിച്ച പരിശോധനാ കേന്ദ്രത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.  രാജ്യത്ത് ഷോപ്പിങ് മാളുകള്‍ തുറന്നിട്ടുണ്ടെങ്കിലും പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ ഇരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.