അബുദാബി: യുഎഇയില്‍ ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 126 ആയി. ഇന്ന് 564 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെടവരുടെ എണ്ണം ഇതോടെ 14,163 ആയി.

ഇന്ന് രോഗം ഭേദമായ 99 പേര്‍ ഉള്‍പ്പെടെ 2763 പേര്‍ കൊവിഡിനെ അതിജീവിച്ചു. 24 മണിക്കൂറിനിടെ 26,000 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ 564 രോഗികളെ കണ്ടെത്തിയത്. കൊവിഡിനെതിരെ മൂലകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ പരീക്ഷണ ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് 88 ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ വിദഗ്ധ സംഘം യുഎഇയിലേക്ക് തിരിക്കുമെന്ന് ഇന്നലെ ദില്ലിയിലെ യുഎഇ എംബസി അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് യുഎഇ ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുകയും ചെയ്തു. നേരത്തെ ഇന്ത്യ 55 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ യുഎഇയിലേക്ക് അയച്ചിരുന്നു.