292.5 ശതകോടി ദിർഹത്തിന്‍റെ ബജറ്റിന് അംഗീകാരം നൽകി യുഎഇ. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജീവിത നിലവാരത്തിനും മുൻഗണന നൽകിയുള്ള ബജറ്റിനാണ് അംഗീകാരം. 2027 സാമ്പത്തിക വർഷത്തേക്ക് മാത്രം 90.1 ശതകോടി ദിർഹത്തിന്‍റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

അബുദാബി: യുഎഇയിൽ 2027-2029 വർഷങ്ങളിലേക്ക് 292.5 ശതകോടി ദിർഹത്തിന്‍റെ പുതിയ ഫെഡറൽ ബജറ്റിന് അംഗീകാരം നൽകിയതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. മുമ്പത്തെ മൂന്ന് വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ 8.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സാമൂഹിക സേവനങ്ങൾ, പൗരന്മാരുടെ ജീവിതനിലവാരവും സ്ഥിരതയും ഉയർത്തൽ എന്നിവ തന്നെയാണ് സർക്കാരിന്‍റെ പ്രധാന മുൻഗണനകളെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

2027 സാമ്പത്തിക വർഷത്തേക്ക് മാത്രം 90.1 ശതകോടി ദിർഹത്തിന്‍റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക വികസനവും പെൻഷനും (34.6 ശതകോടി ദിർഹം 38.4%), ഗവൺമെന്റ് കാര്യങ്ങൾ (29.1 ശതകോടി ദിർഹം 32.3%), ഫെഡറൽ ചെലവുകൾ (17.8 ശതകോടി ദിർഹം 19.7%), സാമ്പത്തിക സ്വത്തുക്കളും നിക്ഷേപങ്ങളും (5.6 ശതകോടി ദിർഹം 6.2%) അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക സ്രോതസ്സുകളും (3 ശതകോടി ദിർഹം 3.4%) എന്നിങ്ങനെയാണ് 2027 ബജറ്റ് വിഹിതം വിലയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം, 2026 മുതൽ 2028 വരെയുള്ള വർഷങ്ങളിലേക്ക് ദുബായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. 302.7 ശതകോടി ദിർഹം ചെലവും 329.2 ശതകോടി ദിർഹം വരുമാനവും പ്രതീക്ഷിക്കുന്ന ഈ ബജറ്റിൽ 5 ശതമാനം പ്രവർത്തന മിച്ചവും ഉൾപ്പെടുന്നുണ്ടായിരുന്നു.