ദുബായ്: ബഹിരാകാശത്തുനിന്നുള്ള യുഎഇയുടെ രാത്രി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാനിരിക്കെയാണ് പതിവ് പരീക്ഷണങ്ങള്‍ക്ക് പുറമെ ഭൂമിയിലെ മനോഹര ദൃശ്യങ്ങള്‍ ബഹിരാകാശത്തുനിന്ന് ഹസ്സ അല്‍ മന്‍സൂരി പകര്‍ത്തിയത്. കഴിഞ്ഞ ദിവസം മക്കയിലെ മസ്ജിദുല്‍ ഹറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ചിത്രവും യുഎഇയുടെ പകല്‍ സമയത്തെ ദൃശ്യങ്ങളും ഹസ്സ അല്‍ മന്‍സൂരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. രാത്രിയില്‍ പ്രകാശപൂരിതമായ യുഎഇയിലെ നഗരങ്ങളും ഇരുട്ടുമൂടിയ മരുഭൂമികളും നിറഞ്ഞ മനോഹര ചിത്രമാണ് ഹസ്സ ട്വീറ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യുഎഇ സമയം മൂന്ന് മണിക്കാണ് ഹസ്സ അല്‍ മന്‍സൂരി തിരികെയെത്തുന്നത്. തുടര്‍ന്ന് കസാഖിസ്ഥാന്‍ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും.