അബുദാബി: യുഎഇയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്ക് നിര്‍ദ്ദേശവുമായി അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ)യാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയത്.

രാജ്യത്തേക്ക് മടങ്ങാനുള്ള അപേക്ഷകളില്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി അനുമതി ലഭിക്കാത്തവര്‍ യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് ഐസിഎ അറിയിച്ചു. ആപ്ലിക്കേഷന്‍ പരിശോധിക്കാന്‍ ചെറിയ കാലതാമസമുണ്ടാകുമെന്നും ആപ്ലിക്കേഷന്‍ പരിശോധിച്ച ശേഷം അനുമതി ലഭിക്കാതെ യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അനുമതി ലഭിച്ച ശേഷം അതനുസരിച്ച് മാത്രം യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ജൂണ്‍ ഒന്ന് മുതല്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ www .smartservices.ica.gov.ae ലൂടെ റെസിഡന്റ്‌സ് എന്‍ട്രി പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്യണം. കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന്  ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തൂങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന ലഭിക്കും.