അബുദാബി: ചന്ദ്രയാന്‍-2 ദൗത്യത്തില്‍ മുന്‍നിശ്ചയിച്ചപ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോയില്ലെങ്കിലും അത് വിജയത്തിന്റെ ഒടുക്കമല്ലെന്ന് യുഎഇ. ബഹിരാകാശത്തെ വന്‍ശക്തിയാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന പുതിയ പരീക്ഷണമാണിതെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് അല്‍ അഹ്‍ബാബി അഭിപ്രായപ്പെട്ടു.
 

'ചന്ദ്രനിലിറങ്ങാന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍ - 2 ബഹിരാകാശ വാഹനവുമായുള്ള ബന്ധം നഷ്ടമായത് വിജയത്തിന്റെ അന്ത്യമല്ല. ബഹിരാകാശ രംഗത്തെ വന്‍ശക്തിയാണ് ഇന്ത്യയെന്ന് തെളിയിക്കുന്ന പുതിയ പരീക്ഷണമാണത്. യുഎഇയുടെയും യുഎഇ ബഹിരാകാശ ഏജന്‍സിയുടെയും എല്ലാ പിന്തുണയും അറിയിക്കുന്നതായും' ഡോ. മുഹമ്മദ് അല്‍ അഹ്‍ബാബി ട്വിറ്ററില്‍ കുറിച്ചു. യുഎഇ ബഹിരാകാശ ഏജന്‍സിയും ചന്ദ്രയാന്‍ - 2 ദൗത്യത്തില്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഐഎസ്ആര്‍ഒയ്ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും യുഎഇ ബഹിരാകാശ ഏജന്‍സി ട്വീറ്റ് ചെയ്തു.