യുഎഇ പതാക ദിനം നാളെ. 2004-ൽ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തിന്‍റെ പ്രസിഡന്‍റായി സ്ഥാനമേറ്റതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്.

ദുബൈ: ഐക്യഅറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിനെ അടയാളപ്പെടുത്തുന്ന പതാക ദിനം നാളെ. നവംബർ 3-നാണ് യുഎഇ പതാക ദിനമായി ആഘോഷിക്കുന്നത്. 2004-ൽ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തിന്‍റെ പ്രസിഡന്‍റായി സ്ഥാനമേറ്റതിന്‍റെ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്.

പതാക ദിനാഘോഷം രാജ്യമെമ്പാടും ഐക്യത്തോടെയാണ് ആഘോഷിക്കാനൊരുങ്ങുകയാണ്. രാവിലെ കൃത്യം 11 മണിക്ക് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ദേശീയ പതാക ഉയർത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ദേശീയ പതാക മങ്ങിയതോ കീറിയതോ കേടുപാടുകൾ ഉള്ളതോ ആകരുത്. പതാക ലംബമായി തൂക്കിയിടുകയാണെങ്കിൽ ചുവന്ന ഭാഗം മുകളിലേക്കും മറ്റ് മൂന്ന് നിറങ്ങൾ താഴേക്കും ആകുന്ന വിധത്തിലാകണം. പൗരന്മാർ, താമസക്കാർ, സ്ഥാപനങ്ങൾ എന്നിവർ കൃത്യം 11 മണിക്ക് പതാക ഉയർത്തണമെന്ന് ദുബൈ ഭരണാധികാരി ആഹ്വാനം ചെയ്തിരുന്നു.

മാതൃരാജ്യത്തോടും അവിടുത്തെ നേതൃത്വത്തോടുമുള്ള സ്നേഹവും വിശ്വസ്തതയും പുതുക്കുന്നതിനുള്ള അവസരമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. പതാക ദിനം പൊതു അവധിയല്ലെങ്കിലും, ഡിസംബറിലെ ഈദ് അൽ ഇത്തിഹാദിന് (ദേശീയ ദിനം) മുന്നോടിയായുള്ള ഒരു മാസത്തെ ആഘോഷങ്ങളുടെ തുടക്കമാണിത്. കടകളിലും വീടുകളിലും തെരുവുകളിലുമെല്ലാം ഈ ദിവസങ്ങളിൽ പതാകകൾ കൊണ്ട് അലങ്കാരങ്ങൾ നടത്താറുണ്ട്. പതാക പ്രദർശിപ്പിക്കുമ്പോൾ, അതിനെ ശരിയായ രീതിയിൽ ആദരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.

'ദേശീയ മാസം' എന്ന പേരിൽ പതാക ദിനം മുതൽ ഡിസംബർ 2 വരെ നീളുന്ന രാജ്യത്തിന്റെ ദേശീയ ആഘോഷങ്ങൾ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും ദുബൈ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായിലെ പ്രത്യേക ആകർഷണങ്ങൾ

ദുബൈ ഫ്ലാഗ് ഗാർഡൻ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഉമ്മു സുഖീം ബീച്ചിൽ, ബുർജ് അൽ അറബിനടുത്ത്, പതാക ദിന ആഘോഷങ്ങളുടെ ഭാഗമായി പന്ത്രണ്ടാം വർഷവും ഫ്ലാഗ് ഗാർഡൻ ഒരുക്കിയിട്ടുണ്ട്. പതിനായിരക്കണക്കിന് യുഎഇ പതാകകൾ നിരത്തി, രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങൾ ഈ പതാകകൾ രൂപപ്പെടുത്തുന്നു. ഈ വർഷം ഒക്ടോബർ 31 മുതൽ ജനുവരി 10 വരെ ഫ്ലാഗ് ഗാർഡൻ കാണാൻ സാധിക്കും.

ഗ്ലോബൽ വില്ലേജിൽ ഡ്രോൺ ഷോ

ദുബൈയിലെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിൽ പതാക ദിനത്തോടനുബന്ധിച്ച് അതിമനോഹരമായ ഡ്രോൺ ഷോ സംഘടിപ്പിക്കും. നവംബർ 3 ന് രാത്രി 8.30-ന് നൂറുകണക്കിന് ഡ്രോണുകൾ ആകാശത്ത് വർണ്ണാഭമായ പാറ്റേണുകളും യുഎഇയുടെ പതാകയുടെ രൂപങ്ങളും തീർത്ത് രാജ്യത്തിന് ആദരം അർപ്പിക്കും.