തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളിൽനിന്നും കഴിഞ്ഞ വർഷങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേർക്ക് "എംപ്ലോയീ എക്സലൻസ്" അവാർഡ് നൽകിതോടൊപ്പമാണ്, രണ്ട് ദിവസത്തെ ആഡംബര ജീവിതം സമ്മാനിച്ചത്.
ദുബൈ: കാറുകളിലെ ആഡംബരത്തിന്റെ അവസാനവാക്കായ റോൾസ് റോയിസ് കാറിൽ ദുബായ് ചുറ്റിസഞ്ചരിച്ച്, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലുകളിലൊന്നായ ബുർജ് അൽ അറബിലും, ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും സന്ദർശനം. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം അങ്ങിനെ ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തങ്ങളുടെ തൊഴിലാളികൾക്ക് രാജകീയ വിരുന്നൊരുക്കി കയ്യടിനേടുകയാണ് യുഎഇ ആസ്ഥനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ്. തങ്ങളുടെ ഏഴായിരത്തോളം തൊഴിലാളികളിൽനിന്നും കഴിഞ്ഞ വർഷങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച എട്ടുപേർക്ക് "എംപ്ലോയീ എക്സലൻസ്" അവാർഡ് നൽകിതോടൊപ്പമാണ്, രണ്ട് ദിവസത്തെ ആഡംബര ജീവിതം സമ്മാനിച്ചത്.

ബുർജ് ഖലീഫയുടെ നിർമ്മാണത്തിൽ പങ്കെടുത്ത ബംഗ്ലാദേശ് സ്വദേശികളായ മുഹമ്മദ് മിന്റോക്കും അബ്ദുൽ ബാഷറിനും ഇതൊരു സ്വപ്നസാഫല്യമാണ്. അവരുടെ കൈകൾ പതിഞ്ഞ ദുബായിലെ പടുകൂറ്റൻ കെട്ടിടങ്ങൾ, ബുർജ് ഖലീഫയുടെ 124 ആം നിലയിൽനിന്നും കണ്കുളിർക്കെ കണ്ടാസ്വദിച്ചു. പലതവണ കൺസ്ട്രക്ഷൻ സൈറ്റുകളിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോൾ ദൂരെനിന്ന് കാണാറുള്ള ബുർജ് അൽ അറബിന്റെ ഉൾവശം ഒരു സ്വപ്നം കാണുന്നത്പോലെയാണ് ആസ്വദിച്ചത് എന്ന് തമിഴ്നാട് സ്വദേശിയായ കുപ്പുസ്വാമി പറഞ്ഞു. താൻ സ്ഥിരമായി ലേബേഴ്സ് ബസിലിരുന്ന് യാത്ര ചെയ്യുന്ന ദുബായിലെ റോഡിലൂടെ റോൾസ് റോയിസ് കാറിലിരുന്ന് സഞ്ചരിച്ച ന്തോഷത്തിലും ആവേശത്തിലുമാണ് പാകിസ്ഥാൻ സ്വദേശിയായ ഇമ്രാൻ ഖാൻ. തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ കഴിയില്ല എന്ന് കരുതിയ പലതും, നേരിട്ട് ആസ്വദിക്കാൻ പറ്റിയ സന്തോഷ നിമിഷത്തെക്കുറിച്ചു പറയുമ്പോൾ ഉത്തർപ്രദേശ് സ്വദേശികളായ അശോക് കുമാറിന്റെയും, രാംഭിലാഷ് ചൗഹാന്റെയും കണ്ണുകൾ നിറഞ്ഞു.

നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ നാട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ, ഈ തൊഴിലാളികൾ ഒഴുക്കിയ വിയർപ്പിന്റെ പ്രതിഫലമാണ്. അതിനു നമ്മൾ അവരോടു എത്ര നന്ദിപറഞ്ഞാലും മതിയാകില്ല, അത്കൊണ്ട്തന്നെയാണ് ഈ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ അവർക്കുവേണ്ടി ഈ ഒരു വലിയ സർപ്രൈസ് ഒരുക്കിയതെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു. മുൻപ് തൊഴിലാളി ബസുകളിൽ സൗജന്യ വൈഫൈയും, ടെലിവിഷൻ സ്ക്രീനുകളും സ്ഥാപിച്ച് പ്രശസ്തമായ വേൾഡ് സ്റ്റാർ, തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാജ്യത്തെ നിരവധി വികസനപ്രവർത്തനങ്ങളിൽ വേൾഡ് സ്റ്റാറിന്റെ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കാളികളാണ്. ദുബായ് മാൾ, ബുർജ് ഖലീഫ, ദുബൈ മെട്രോ, ദുബായ് ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം തുടങ്ങിയവയുടെയെല്ലാം നിർമ്മാണ പ്രവർത്തികളിൽ വേൾഡ് സ്റ്റാറിന്റെ തൊഴിലാളികൾ സജീവമായിരുന്നു. നിലവിൽ ഇത്തിഹാദ് റയിലിനുവേണ്ടി ആയിരക്കണക്കിന് തൊഴിലാളികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
തങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളെ സന്തോഷിപ്പിക്കുന്നതിലൂടെ ഉത്പാദനക്ഷമത കൂട്ടാൻ സാധിക്കുന്നുണ്ടെന്ന്, മാനേജിങ് ഡയറക്ക്റ്റർ ഹസീന നിഷാദ് പറഞ്ഞു. ഷാർജ സജ്ജയിലെ ലേബർ ക്യാമ്പ് ഓഫീസ് പരിസരത്തുവെച്ചു നടന്ന തൊഴിലാളി അനുമോദന ചടങ്ങിലും അവാർഡ് ദാനത്തിലും നൂറുകണക്കിന് തൊഴിലാളികൾക്കൊപ്പം കമ്പനി പ്രതിനിധികളും പങ്കെടുത്തു. തുടർന്നാണ് അവാർഡ് ലഭിച്ച എട്ട് തൊഴിലാളികളുടെ ആഡംബരയാത്ര ആരംഭിച്ചത്
