സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അബുദാബി: കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവര്‍ക്ക് യുഎഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്യുന്നതിനും ചില പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ചില സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും ഇത്തരക്കാരെ വിലക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വാക്സിനെടുക്കാന്‍ വിസമ്മതിക്കുന്നതും വാക്സിനേഷന്‍ വൈകിപ്പിക്കുന്നതും സമൂഹത്തിന്റെ ആകെ സുരക്ഷ അപകടത്തിലാക്കുമെന്നും പ്രതിരോധ ശേഷി കുറഞ്ഞവരെ അപകടത്തിലേക്ക് തള്ളിവിടുമെന്നും യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി പറഞ്ഞു. 16 വയസ് തികഞ്ഞ സ്വദേശികളും പ്രവാസികളും വാക്സിനെടുക്കണം. അതിന് തയ്യാറാവാത്തവര്‍ സ്വന്തം കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും അടക്കം സുരക്ഷയാണ് അപകടത്തിലാക്കുന്നതെന്ന് അതോരിറ്റി വക്താവ് സൈഫ് അല്‍ ദാഹിരി പറഞ്ഞു.