സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്റ്റിനും ഉള്‍പ്പെടെ ഒരു പി.സി.ആര്‍ പരിശോധനക്ക് ആകെ 65 ദിര്‍ഹമായിരിക്കും നിരക്കെന്നാണ് അബുദാബി ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്. 

അബുദാബി: അബുദാബിയില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു. പി.സി.ആര്‍ ടെസ്റ്റിന് ഇനി മുതല്‍ 65 ദിര്‍ഹമായിരിക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 85 ദിര്‍ഹമാണ് അബുദാബിയില്‍ പി.സി.ആര്‍ പരിശോധനക്ക് ഈടാക്കിക്കൊണ്ടിരിക്കുന്നത്.

സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്റ്റിനും ഉള്‍പ്പെടെ ഒരു പി.സി.ആര്‍ പരിശോധനക്ക് ആകെ 65 ദിര്‍ഹമായിരിക്കും നിരക്കെന്നാണ് അബുദാബി ഹെല്‍ത്ത് അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ നിരവധി ആശുപത്രികളില്‍ പി.സി.ആര്‍ പരിശോധന നടത്തിവരുന്നുണ്ട്. ഇതിന് പുറമെ അബുദാബിയില്‍ വിവിധയിടങ്ങളിലായി ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നു. 

അഞ്ച് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ വാക്സിനെടുക്കാത്തവര്‍ക്ക് എല്ലാ 14 ദിവസത്തിലൊരിക്കലും പി.സി.ആര്‍ പരിശോധന അടുത്തിടെ നിര്‍ബന്ധമാക്കിയിരുന്നു. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഗതാഗതം, ആരോഗ്യം എന്നിവയ്ക്ക് പുറമെ ലോണ്‍ട്രി, ബ്യൂട്ടി സലൂണ്‍, ഹെയര്‍ ഡ്രസിങ് അടക്കമുള്ള എല്ലാ വ്യക്തിഗത സേവന വിഭാഗങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്.

അബുദാബിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ വാക്സിനെടുക്കാത്തവര്‍ക്കും രണ്ടാഴ്‍ചയിലൊരിക്കല്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ മാസത്തിലൊരിക്കലും പി.സി.ആര്‍ പരിശോധന നടത്തിയിരിക്കണം. പരിശോധനകളുടെ ചെലവ് ജീവനക്കാര്‍ തന്നെയാണ് വഹിക്കേണ്ടത്.