അബുദാബി: യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‍‍യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം മന്ത്രി ട്വീറ്റ് ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

വാക്‌സിന്‍ നല്‍കിയവര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും നന്ദി അറിയിക്കുന്നെന്ന് ട്വിറ്ററില്‍ കുറിച്ച ലഫ്. ജനറല്‍ ശൈഖ് സൈഫ് എല്ലാവര്‍ക്കും സുരക്ഷയും ആശംസിച്ചു. ഒക്ടോബര്‍ 16ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്. സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന് കൊവിഡ് വാക്‌സിനേഷനാണ് മാര്‍ഗമെന്ന് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് ശൈഖ് അബ്ദുള്ള കുറിച്ചു. 

രാജ്യത്ത് ട്രയല്‍ നടത്തിയ വാക്‌സിന്‍ കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞ മാസം യുഎഇ അനുവദിച്ചിരുന്നു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അവസാന ഘട്ട പരീക്ഷണങ്ങളിലാണുള്ളത്.