തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകള്‍ ഉള്ള എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളെയും കണ്ടെത്താനും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

അബുദാബി: യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ (Houthi rebels) പിന്തുണയ്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി (approved list of persons and organisations supporting terrorism) യുഎഇ. ക്യാബിനറ്റാണ് (UAE Cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തീവ്രവാദികള്‍ക്ക് സാമ്പത്തിക പിന്തുണയും മറ്റ് തരത്തിലുള്ള സഹായവും നല്‍കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാനുള്ള യുഎഇ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്.

തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകള്‍ ഉള്ള എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളെയും കണ്ടെത്താനും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ സാമ്പത്തിക ആസ്‍തികള്‍ 24 മണിക്കൂറിനിടെ മരവിപ്പിക്കുന്നത് ഉള്‍പ്പെടെ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ പ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇപ്പോള്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളും വ്യക്തിയും സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും ആക്രമിക്കാനായി ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. അബ്‍ദോ അബ്‍ദുല്ല ദാഇല്‍ അഹ്‍മദ് എന്ന വ്യക്തിയെയാണ് പുതിയതായി തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്ഥാപനങ്ങള്‍ ഇവയാണ്. 

1. Al Alamiyah Express Company for Exchange & Remittance.
2. Al-Hadha Exchange Company.
3. Moaz Abdulla Dael For Import and Export.
4. Vessel: Three - Type: Bulk Carrier – IMO (9109550)
5. Peridot Shipping & Trading LLC.

ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ ഇനി പിസിആര്‍ പരിശോധന വേണ്ട; ക്വാറന്റീനും ഒഴിവാക്കി
ദോഹ: ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളില്‍ (Entry rules) പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) മാറ്റം വരുത്തി. രാജ്യത്തെ കൊവിഡ് കേസുകളില്‍ (Covid cases) ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലും രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിനുകള്‍ (vaccination campaigns) വിജയം കണ്ട സാഹചര്യത്തിലുമാണ് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ലഘൂകരിച്ചത് (Relaxing entry rules). ഫെബ്രുവരി 28ന് ഖത്തര്‍ സമയം വൈകുന്നേരം ഏഴ് മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്സിനെടുത്തവരെയും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഖത്തറിലെത്തി 24 മണിക്കൂറിനിടെ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതി. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്‍ത്, ജോര്‍ജിയ, ജോര്‍ദാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

വാക്സിനെടുത്തിട്ടില്ലാത്തവരും കൊവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടിയിട്ടില്ലാത്തവരുമായ യാത്രക്കാര്‍ അഞ്ച് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ പൂര്‍ത്തീകരിക്കണം. ഖത്തറിലെത്തി 24 മണിക്കൂറിനകം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം. ഹോട്ടല്‍ ക്വാറന്റീനിന്റെ അഞ്ചാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‍ക്കും വിധേയമാവണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ ഫലം ഹാജരാക്കുകയും വേണം.

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒന്‍പത് രാജ്യങ്ങളില്‍ നിന്നെത്തുന്ന പൂര്‍ണമായി വാക്സിനെടുക്കുകയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ചതിലൂടെ പ്രതിരോധ ശേഷി നേടുകയോ ചെയ്‍ത സന്ദര്‍ശക വിസക്കാര്‍, യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഖത്തറിലെത്തിയ ശേഷം ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനും നിര്‍ബന്ധമാണ്. ഈ ദിവസം തന്നെ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുകയും വേണം. വാക്സിനെടുത്തിട്ടില്ലാത്തവരും കൊവിഡ് ബാധിച്ച് സുഖപ്പെടുന്നതിലൂടെ പ്രതിരോധ ശേഷി ലഭിക്കാത്തവരുമായ സന്ദര്‍ശകര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് പ്രവേശനമുണ്ടാകില്ല.

ആസ്‍ട്രസെനിക വാക്സിനെടുത്തവര്‍ക്ക് രണ്ടാം ഡോസോ അല്ലെങ്കില്‍ ബൂസ്റ്റര്‍ ഡോസോ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ഒന്‍പത് മാസം വരെയാണ് വാക്സിനെടുത്തതിന്റെ ആനുകൂല്യം ലഭ്യമാവുക. ഒരു തവണ കൊവിഡ് ബാധിച്ചവര്‍ക്കും ഒന്‍പത് മാസത്തേക്ക് ഇളവുകള്‍ ലഭിക്കും. ഇതിനായി വെരിഫൈ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ലബോറട്ടറി പരിശോധനാ ഫലം ഹാജരാക്കണം.