ഇറാന്‍ അധികൃതരുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും സഹകരിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും ഇറാനില്‍ നിന്ന് തിരികെ യുഎഇയിലെത്തിച്ചത്.

അബുദാബി: ഇറാനില്‍ നിന്ന് പൗരന്മാരെയും താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ച് യുഎഇ. ഇറാന്‍ അധികൃതരുമായും ബന്ധപ്പെട്ട ഏജന്‍സികളുമായും സഹകരിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും ഇറാനില്‍ നിന്ന് തിരികെ യുഎഇയിലെത്തിച്ചത്.

തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നീക്കം. ഇസ്രയേല്‍ ആക്രമണത്തിന്‍ററെ പശ്ചാത്തലത്തില്‍ ഇറാനും ഇറാനിലെ ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. 

അതേസമയം ഇസ്രായേലുമായി സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറക്കുകയാണ് ഇറാൻ. സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായാണ് ഇറാൻ വ്യോമപാത തുറന്നത്. വിദ്യാർഥികളുമായി ആദ്യ വിമാനം ഇന്ന് (ജൂൺ 20) രാത്രി ഇന്ത്യൻ സമയം രാത്രി 11ന് ദില്ലിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇസ്രായേലി, ഇറാനിയൻ സേനകൾ സംഘർഷം നിലനിൽക്കുന്നതിനാൽ ഇറാനിയൻ വ്യോമാതിർത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങൾക്കും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യക്ക് പ്രത്യേക വ്യോമമേഖല അനുവദിച്ചു.

സംഘർഷം അവസാനിക്കുന്ന സൂചനകളൊന്നുമില്ലാത്തതിനാൽ ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി 'ഓപ്പറേഷൻ സിന്ധു' ആരംഭിച്ചതായി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു. 4,000-ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്, അവരിൽ പകുതിയും വിദ്യാർത്ഥികളാണ്.