അബുദാബി: പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറിനെ, യുഎഇ-ഇസ്രയേല്‍ കണ്‍സോര്‍ഷ്യം ഏറ്റെടുത്തു. യുഎഇ എക്സ്ചേഞ്ചിന്റെ ഹോള്‍ഡിങ് കമ്പനിയായ ഫിനാബ്ലറില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ വന്‍ സാമ്പത്തിക ബാധ്യതയിലാണ്. കഴിഞ്ഞ ഡിസംബറില്‍ 200 കോടി ഡോളറിന്റെ വിപണിമൂല്യമുണ്ടായിരുന്ന കമ്പനിയെ ഒരു ഡോളറിനാണ് കണ്‍സോര്‍ഷ്യം ഏറ്റെടുത്തത്.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിസം അഡ്വാന്‍സ്‍ഡ് സൊല്യൂഷ്യന്‍സും അബുദാബിയിലെ റോയല്‍ സ്ട്രാറ്റജിക് പാര്‍ട്ണേഴ്‍സും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം ഇനി യുഎഇ എക്സ്ചേഞ്ചിനും ഫിനാബ്ലറിനുമുള്ള പ്രവര്‍ത്തന മൂലധനം നല്‍കും. കമ്പനിയില്‍ വന്‍ അഴിച്ചുപണിയുമുണ്ടാകും. 100 കോടി ഡോളറിന്റെ വായ്‍പ കമ്പനിയിയുടെ കണക്കുകളില്‍ നിന്ന് മറച്ചുവെച്ചിരുന്നായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ പണം കമ്പനിക്ക് പുറത്ത് ഉപയോഗിച്ചിരിക്കാനാണ് സാധ്യതയെന്ന് ഫിനാബ്ലര്‍ അധികൃതര്‍ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. 

യുഎഇയും ഇസ്രയേലും തമ്മില്‍ കരാര്‍ ഒപ്പുവെച്ച ശേഷം രണ്ട് രാജ്യങ്ങളിലെ കമ്പനികള്‍ തമ്മില്‍ ഏര്‍പ്പെടുന്ന സുപ്രധാന സാമ്പത്തിക ഇടപാടാകും ഇത്. ബാങ്കിങ് അടക്കമുള്ള രംഗങ്ങളില്‍ ഇതിനോടകം തന്നെ യുഎഇ-ഇസ്രയേലി സ്ഥാപനങ്ങള്‍ തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.