ഫുജൈറ: ഭാര്യയെ കുത്തിക്കൊന്ന കേസില്‍ വിദേശിക്ക് യുഎഇയില്‍ വധശിക്ഷ വിധിച്ചു. ഭാര്യയെ വധിച്ചതിന് പുറമെ രണ്ട് മക്കളെയും വീട്ടിലെ ജോലിക്കാരനെയും ഇയാള്‍ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ ശിക്ഷ വിധിച്ചത്.

2017 മാര്‍ച്ച് 24നാണ് കേസിന് ആധാരമായ സംഭവം നടന്നത്. ഏഷ്യക്കാരനായ പ്രതി അല്‍ ഫസീലിലുള്ള ഒരു സ്വദേശിയുടെ വീട്ടില്‍ കയറിയാണ് അക്രമം നടത്തിയത്. ഇയാളുടെ ഭാര്യയും ഒന്‍പതും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളും വീട്ടുജോലിക്കാനായിരുന്ന ഏഷ്യക്കാരനും ഇവിടെയുണ്ടായിരുന്നു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്എല്ലാവരെയും കുത്തിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ രക്തം വാര്‍ന്ന് മരിച്ചു. കുട്ടികളും വീട്ടുജോലിക്കാരനും പിന്നീട് രക്ഷപെട്ടു. ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് പ്രോസിക്യൂഷന് കൈമാറി. കേസ് പരിഗണിച്ച ഫുജൈറ ക്രിമിനല്‍ കോടതി, ഐക്യകണ്ഠേന ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.