അബുദാബി: യുഎഇയിലേക്ക് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കേണ്ട കൊവിഡ് പരിശോധനയുടെ സമയപരിധി ദീര്‍ഘിപ്പിച്ചു. വ്യാഴാഴ്ചയാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയും വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് നല്‍കിയത്. ഇതുപ്രകാരം രാജ്യത്തേക്ക് വരുന്നവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിസള്‍ട്ടാണ് ഹാജരാക്കേണ്ടത്.

നേരത്തെ 72 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ ഫലം വേണമെന്നായിരുന്നു യുഎഇ നിഷ്കര്‍ശിച്ചിരുന്നത്. ഇതില്‍ 24 മണിക്കൂറിന്റെ ഇളവാണ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യം മുതല്‍ പതിയ അറിയിപ്പ് പ്രാബല്യത്തില്‍ വരും. പരിശോധാഫലം പുറത്തുവന്നതിന് ശേഷം യാത്ര പുറപ്പെടുന്നതിനിടയിലുള്ള സമയം 96 മണിക്കൂറില്‍ കൂടാന്‍ പാടില്ല. പുറപ്പെടുന്നതിന് മുമ്പ് അതത് രാജ്യങ്ങളിലെ അംഗീകൃത ടെസ്റ്റിങ് കേന്ദ്രങ്ങളിലാണ് പരിശോധനകള്‍ നടത്തേണ്ടതെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി അറിയിച്ചിട്ടുണ്ട്.