അബുദാബി: ഗള്‍ഫ് മേഖലയിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമെന്ന പദവി തുടര്‍ച്ചയായ ആറാം വര്‍ഷവും യുഎഇക്ക് സ്വന്തം.  2020ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടാണ് ഒരിക്കല്‍ കൂടി യുഎഇയെ ഈ നേട്ടത്തിലെത്തിച്ചത്. അന്താരാഷ്ട്ര ഹാപ്പിനസ് ഡേയോടനുബന്ധിച്ചാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

153 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇ ഒന്നാമതെത്തിയത്. രാജ്യത്തെ പ്രവാസികളുടെയും പൌരന്മാരുടെയും അഭിപ്രായവും ജീവിതത്തിലുള്ള സംതൃപ്തിയുമൊക്കെ അന്വേഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ജനങ്ങളുടെ സംതൃപ്തിയുടെ കാര്യത്തില്‍ ആഗോള തലത്തിലും യുഎഇയിക്ക് മികച്ച സ്ഥാനമാണുള്ളത്. വിവിധ രാജ്യങ്ങളില്‍ നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് നേഷന്‍സ് സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സൊലൂഷന്‍സ് നെറ്റ് വര്‍ക്കാണ് എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. നഗര അടിസ്ഥാനത്തിലുള്ള സന്തോഷ സൂചികയും ഇത്തവണത്തെ റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ 186 നഗരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. നഗരങ്ങളിലെ ജനങ്ങളുടെ പൊതുജീവിതത്തിലുള്ള സംതൃപ്തി കണക്കാക്കിയാണ് ഈ പട്ടികയും തയ്യാറാക്കിയിരിക്കുന്നത്. ഇതിലും ഗള്‍ഫ് മേഖലയില്‍ നിന്ന് അബുദാബിയും ദുബായിയുമാണ് മുന്നിലുള്ളത്.