അബുദാബി: യുഎഇയില്‍ ദിവസത്തേക്കോ മണിക്കൂറുകള്‍ക്ക് മാത്രമായോ ഗാര്‍ഹിക തൊഴിലാളികളെ നല്‍കുന്ന സേവനം മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം തടഞ്ഞു. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനായി ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാം. ഇതിനിടയില്‍ മറ്റ് സ്ഥലങ്ങളില്‍ ജോലിക്ക് വിടാന്‍ പാടില്ല. കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്.

സേവനത്തിന് എത്തിക്കുന്നതിന് 48 മണിക്കൂറിനുള്ളില്‍ പിസിആര്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമെ വീട്ടുജോലിക്കാരെ നിയമിക്കാവൂ. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കി യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം പൂര്‍ണമായും തദ്ബീര്‍ കേന്ദ്രങ്ങള്‍ വഴിയാക്കിയിരുന്നു. ഈ മാസം മുതല്‍ പൂര്‍ണമായും തദ്ബീര്‍ കേന്ദ്രങ്ങള്‍ വഴി മാത്രമെ വീട്ടുജോലിക്കാരെ നിയമിക്കാവൂ എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. യുഎഇയില്‍ തദ്ബീര്‍ റിക്രൂട്ടിങ് കേന്ദ്രത്തിന് കീഴില്‍ 54 ശാഖകളുണ്ട്. തൊഴിലുടമകളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.