അബുദാബി: യുഎഇയിലെത്തുന്നവർക്ക് ആറ് മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ നൽകാൻ യുഎഇ തീരുമാനിച്ചു. നിക്ഷേപകർ, വിദ്യാർഥികൾ, ജോലി തേടിയെത്തുന്ന പ്രതിഭകള്‍ എന്നിവർക്ക് ആറ് മാസത്തെ മൾടിപ്പിൾ എൻട്രി വിസ  അനുവദിക്കാനാണ് താമസകുടിയേറ്റ വകുപ്പ് തീരുമാനിച്ചത്. മൂന്ന് പുതിയ സേവനങ്ങളാണ് പുതിയതായി പ്രഖ്യാപിച്ചത്. 

ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനുള്ള ആറ് മാസത്തെ വീസ, വിദ്യാർഥികൾക്കും നിക്ഷേപകർക്കുമുള്ള ആറ് മാസത്തെ വീസ, ഒരു പ്രാവശ്യം മാത്രം രാജ്യത്ത് പ്രവേശിക്കാനുള്ള ആറ് മാസ വീസ എന്നിവയാണ് അവതരിപ്പിച്ചിരിക്കുന്നത്. മൾട്ടിപ്പിള്‍ എന്‍ട്രി വിസക്ക് പല ഭാഗത്തു നിന്നും ആവശ്യമുയർന്നതാണ് അനുവദിക്കാൻ കാരണമെന്ന് ഫോറിൻ അഫയേഴ്സ് ആൻഡ് പോർട്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ സഈദ് റകൻ അൽ റാഷിദി പറഞ്ഞു. 

ദീർഘനാൾ രാജ്യത്ത് താമസിക്കാൻ അവസരം ലഭിക്കുക വഴി സന്ദര്‍ശകര്‍ക്ക് സമയമെടുത്ത് തങ്ങളുടെ ബിസിനസ് മേഖല വികസിപ്പിക്കാനും  മികച്ച ജോലി കണ്ടെത്താനും സാധിക്കും. ഇത്തരം വീസക്കാർക്ക് എമിറേറ്റ്സ് ഐഡി നൽകുന്നതിലൂടെ ബിസിനസ് ആവശ്യങ്ങള്‍ നടപ്പിലാക്കാനും, കോളജ് പ്രവേശനം, ജോലി തുടങ്ങിയ സംബന്ധിച്ച് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാനും കഴിയും. കഴിഞ്ഞ വർഷം 6 മാസ വീസയുടെ അപേക്ഷകൾ ക്ഷണിച്ച ശേഷം 6000  നിക്ഷേപകർ ആവശ്യവുമായി മുന്നോട്ടു വന്നതായി താമസകുടുയേറ്റ വകുപ്പ് അറിയിച്ചു. മലയാളികളടക്കമുള്ള വിദേശികള്‍ക്ക് തീരുമാനം ഏറെ ഗുണം ചെയ്യും