വെള്ളിയാഴ്ച രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ചെറിയതോതില്‍ മഴ ലഭിച്ചു. അസ്ഥിരമായ കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

അബുദാബി: രാജ്യത്ത് പലയിടങ്ങളിലും കനത്ത മഴപെയ്യാനുള്ള സാധ്യത കണക്കെടുത്ത് യുഎഇ അധികൃതര്‍ ഇന്ന് വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാഴ്ച മങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയും യുഎഇയില്‍ പലയിടങ്ങളിലും ചെറിയതോതില്‍ മഴ ലഭിച്ചു. അസ്ഥിരമായ കാലാവസ്ഥ ഈ വാരാന്ത്യത്തിലും തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കനത്ത മഴയും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.

താഴ്വരകളില്‍ വെള്ളം ഒഴുകുന്ന സ്ഥലങ്ങളില്‍ ഇരിക്കുകയോ മുറിച്ചുകടക്കുകയോ ചെയ്യരുത്. മണ്ണിടിയാന്‍ സാധ്യതയുള്ള താഴ്വരകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം. ശക്തമായ ഒഴുക്കുണ്ടാവാനും റോഡികളിലും പാലങ്ങളിലും വെള്ളം കവിഞ്ഞൊഴുകാനും സാധ്യതയുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന വഴികള്‍ സുരക്ഷിതമായിരിക്കുമെന്നതിനാല്‍ യാത്ര അവിടെ പരിമിതപ്പെടുത്തുക. ശക്തമായ മഴയില്‍ റോ‍ഡുകള്‍ തകരാനുള്ള സാധ്യത കണക്കിലെടുക്കണം. കുട്ടികളെ ജലാശയങ്ങള്‍ക്കടുത്ത് കളിക്കാന്‍ അനുവദിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്നത്.