ദുബായ്: യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാനന്തര ആനുകൂല്യത്തിനു പകരം പങ്കാളിത്ത പെൻഷൻ പദ്ധതി അനുവദിക്കുന്ന കാര്യം ആലോചനയിൽ. ജോലിയിൽനിന്നു വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കും വിധമാകും പദ്ധതിയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.

വിദേശികള്‍ക്കായുള്ള പങ്കാളിത്ത പെൻഷൻ നല്‍കുന്നതിനായി പ്രത്യേക നിക്ഷേപ നിധി രൂപീകരിക്കും. കമ്പനി ഉടമയും ജീവനക്കാരും വിഹിതം നൽകണം. ഇങ്ങനെ ശേഖരിക്കുന്ന തുക വിവിധ മേഖലകളിൽ നിക്ഷേപിച്ചു ലഭിക്കുന്ന വരുമാനമാണ് പെൻഷൻ വിതരണത്തിനുപയോഗിക്കുക. ജീവനക്കാരുടെ വിഹിതത്തിന് ആനുപാതികമായിരിക്കും പെൻഷൻ. 

പെൻഷൻ വേണ്ടാത്തവർക്കു സേവനാനന്തര ആനുകൂല്യം നൽകുകയും ചെയ്യും. പുതിയ പദ്ധതിയിലൂടെ ആശ്രിതർക്ക് തൊഴിൽ സംവരണവും ഉറപ്പുവരുത്തുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ അബ്ദു റഹ്മാൻ അൽ അവാർ പറഞ്ഞു. നിലവിലെ നിയമം അനുസരിച്ച് യുഎഇയിൽ കുറഞ്ഞത് ഒരു വർഷം ജോലി ചെയ്ത ശേഷം രാജി വയ്ക്കുന്നവർക്കു ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. 

അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത തുകയാണു ഗ്രാറ്റുവിറ്റിയായി നൽകുന്നത്.വർഷം കൂടുന്നതിനനുസരിച്ചു ഗ്രാറ്റുവിറ്റിയുടെ തോത് കൂടും. ഗ്രാറ്റുവിറ്റി ഇല്ലാതാകുമെങ്കിലും സമ്പാദ്യം ഉറപ്പുനൽകുന്ന 12 പദ്ധതികളിൽ അനുയോജ്യമായത് വിദേശികൾക്ക് തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നതെന്നും സൂചനയുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത് നടപ്പാക്കുക.