തന്റെ മാര്‍ഗദര്‍ശിയും ഗുരുനാഥനുമായിരുന്നു അന്തരിച്ച ശൈഖ് ഖലീഫയെന്ന് അദ്ദേഹത്തിന്റെ സഹോദരനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുസ്‍മരിച്ചു.

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ നേതാക്കള്‍. 'പ്രതിജ്ഞ നിറവേറ്റി, രാഷ്‍ട്രത്തെ സേവിച്ചു, ജനങ്ങളെ സ്‍നേഹിച്ചു' എന്നാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇ പ്രസിഡന്റിനെ അനുസ്‍മരിച്ചത്. സംതൃപ്‍തിയോടെയാണ് അദ്ദേഹം ജനങ്ങളെ വിട്ടുപോയതെന്നും ശൈഖ് മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തന്റെ മാര്‍ഗദര്‍ശിയും ഗുരുനാഥനുമായിരുന്നു അന്തരിച്ച ശൈഖ് ഖലീഫയെന്ന് അദ്ദേഹത്തിന്റെ സഹോദരനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുസ്‍മരിച്ചു. രാഷ്‍ട്രത്തിന് പ്രിയപ്പെട്ടൊരു പൗരനെയും അതിന്റെ ശാക്തീകരണ കാലഘട്ടിന്റെ നേതാവിനെയും ആ യാത്രയുടെ സംരക്ഷകനെയുമാണ് നഷ്‍ടമായതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

യുഎഇ ജനതയുടെ പ്രിയപ്പെട്ട നേതാവ്; മലയാളികളെയും ചേർത്ത് പിടിച്ച ശൈഖ് ഖലീഫ

രാജ്യത്തിന്റെ പ്രതാപത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവിനോട് വിട പറയേണ്ടി വരുന്നത് ഒന്നും എളുപ്പമല്ലെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. രാഷ്‍ട്രപിതാവ് ശൈഖ് സായിദിന്റെ കാലടികള്‍ പിന്‍പറ്റിയ നേതാവായിരുന്നു ശൈഖ് ഖലീഫയെന്നും അദ്ദേഹം അനുസ്‍മരിച്ചു. യുഎഇ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഉള്‍പ്പെടെ നിരവധിപ്പേര്‍ പ്രിയപ്പെട്ട രാഷ്‍ട്രത്തലവന് അനുശോചനം അറിയിച്ചു. 

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

ദുബൈയിലെ സ്‍കൂളുകളില്‍ തിങ്കളാഴ്‍ച മുതല്‍ ക്ലാസുകള്‍ തുടങ്ങും

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്.