രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരുന്ന ഇദ്ദേഹത്തിന് 46 കോടിയിലേറെ ഇന്ത്യൻ രൂപയാണ് ലഭിക്കുക. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 275-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാന്‍ഡ് പ്രൈസായ 2 കോടി ദിര്‍ഹം (46 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി യുഎഇ സ്വദേശി. മുബാറക് ഗരീബ് റാഷിദ് സാലേം അല്‍ദാഹിരി ആണ് 337126 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്ന വിജയം നേടിയത്. അൽ ഐനിൽ താമസിക്കുന്ന മുബാറക് യുഎഇ സ്വദേശിയാണ്. 

മേയ് 27ന് വാങ്ങിയ ടിക്കറ്റാണ് ഇദ്ദേഹത്തിന് 46 കോടി രൂപയുടെ ഭാഗ്യം സമ്മാനിച്ചത്.രണ്ട് വര്‍ഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ്. കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞ് ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 

നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാന വിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ ഫോൺ വിളിച്ചിരുന്നു. സമ്മാനം ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും മുബാറക് അറിയിച്ചു. ഗ്രാൻഡ് പ്രൈസിന് പുറമെ അഞ്ച് പേര്‍ക്ക് 150,000 ദിര്‍ഹം വീതം സമ്മാനമായി ലഭിച്ചു. 189712 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ അബ്ദുള്ള പുളിക്കൂര്‍ മുഹമ്മദ്, 223405 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഷാജി മേമന, 159551 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബാബുലാല്‍ ഗൗതം, 061991 ടിക്കറ്റ് നമ്പരിലൂടെ തുനീഷ്യക്കാരനായ സുഹൈല്‍ ബര്‍ഹൂമി, 316841 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സാലിഹ് റഹ്മാന്‍ പള്ളിപ്പാടത്ത് എന്നിവരാണ് 150,000 ദിര്‍ഹം സമ്മാനമായി നേടിയത്. ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ ശ്രീനിവാസ് ഗെദ്ദഡ ബിഎംഡബ്ല്യൂ എം440ഐ സീരീസ് 28 സ്വന്തമാക്കി. 029905 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.