വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം കൊണ്ടുവന്നു.
അബുദാബി: സ്കൂൾ പരിസരത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികളുടെ കൈവശം ഫോൺ കണ്ടെത്തിയാൽ അത് പരിശോധിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വ്യക്തമായ നിയമങ്ങളും മന്ത്രാലയം കൊണ്ടുവന്നു.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച 2018-ലെ മന്ത്രിതല പ്രമേയം നമ്പർ (851) അടിസ്ഥാനമാക്കിയാണ് മന്ത്രാലയം സ്കൂൾ പ്രിൻസിപ്പൽമാർക്കും കിൻഡർഗാർട്ടനുകൾക്കും സർക്കുലർ പുറത്തിറക്കിയത്. ഫോൺ കൊണ്ടുപോകുന്നതുമൂലമുണ്ടാകുന്ന അപകടസാധ്യതകളിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കുകയും, സുരക്ഷിതമായ പഠന അന്തരീക്ഷത്തിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശോധന നിർദേശിച്ച പ്രകാരവും കുട്ടികളുടെ സ്വകാര്യതയെ മാനിക്കുന്നതുമായിരിക്കണം. പരിശോധകർ കുട്ടികളെ ശാരീരികമായി തൊടാൻ പാടില്ല, ബാഗുകളിലും മറ്റു സ്വകാര്യ വസ്തുക്കളിലും മാത്രമാകണം പരിശോധന, വിദ്യാർഥികൾ അവരുടെ വസ്തുക്കൾ പരിശോധന കമ്മിറ്റിക്ക് മുന്നിൽ സ്വയമേ സാധനങ്ങൾ പ്രദർശിപ്പിക്കാൻ സന്നദ്ധരാകണം തുടങ്ങിയ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
മൊബൈൽ കണ്ടെടുത്താൽ സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിക്കണം. രക്ഷിതാക്ക ൾ ഫോൺ പിടിച്ചെടുത്തതിനും തിരിച്ചുലഭിച്ചതിനും ബന്ധപ്പെട്ട ഫോമുകൾ ഒപ്പിട്ടു നൽകണം. ആദ്യ തവണ പിടിച്ചെടുത്താൽ ഒരു മാസത്തിൽ കൂടുതൽ പിടിച്ചുവെക്കരുത്. അതേസമയം, ആവർത്തിച്ചാൽ അധ്യയന വർഷാവസാനം വരെ പിടിച്ചുവെക്കാം.
