അബുദാബി: കൊവിഡ് വാക്സിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ നിഷേധിച്ച് യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം. തിങ്കളാഴ്‍ച രാത്രി പുറത്തിറക്കിയ പ്രസ്‍താവനയിലാണ് വാക്സിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഔദ്യോഗിക സ്രോതസുകളില്‍ നിന്നോ വിശ്വാസ്യതയുള്ള കേന്ദ്രങ്ങളില്‍ നിന്നോ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന എല്ലാവരും ഇതിന് ഉത്തരവാദികളായിരിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ പ്രതിരോധ മന്ത്രാലയം നല്‍കി.