ദുബായ്: യുഎഇ നാല്‍പത്തിയെട്ടാം ദേശീയ ദിനം ആഘോഷിച്ചു. യുഎഇയോടുള്ള ദൃഢവിശ്വാസം ദേശീയ ദിനത്തില്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സമഗ്ര വികസനത്തിലൂടെ ലോകത്തെ അതിശയിപ്പിക്കാൻ രാഷ്ട്രത്തെ സജ്ജമാക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

യുഎഇ. ഏകീകരണത്തിന്റെ അടയാളമായ ശൈഖ് സായിദിന്റെയും അദ്ദേഹത്തിന്റെ ആത്മമിത്രവും യുഎഇ സ്ഥാപകനുമായ ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെയും സ്മരണയിലാണ് നാല്പത്തെട്ടാം ദേശീയദിനത്തിൽ രാഷ്ട്രമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ശുഭാപ്തിവിശ്വാസത്തോടെ മനോഹരമായ ഭാവിയിലേക്കുള്ള യാത്രയിലാണ് രാഷ്ട്രമെന്നായിരുന്നു അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻറെ ദേശീയ ദിന സന്ദേശം. രാജ്യത്തെ മലയാളികളടക്കമുള്ള വിദേശികളും ആഘോഷത്തിന്‍റെ ഭാഗമായി.

ദുബായ് പൊലീസ് ആസ്ഥാനത്ത് നടന്ന ദേശീദിനാഘോഷത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ നന്ദി നാസര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇപി ജോണ്‍സണടക്കമുള്ളവര്‍ പങ്കെടുത്തു. ദുബായി കെഎംസിസി, മര്‍ക്കസ് തുടങ്ങിയ സംഘടനകള്‍ റാലികളടക്കം സംഘടിപ്പിച്ചുകൊണ്ടാണ് ആഘോഷത്തിന്‍റെ ഭാഗമായത്. വാഹനങ്ങള്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചും വ്യാപാര സ്ഥാപനങ്ങളില്‍ യുഎഇ പതാക അണിയിച്ചും പോറ്റമ്മനാടിനോടുള്ള സ്നേഹം പങ്കുവച്ചവരും ഏറെയാണ്.