അവധികള്‍കഴിഞ്ഞ് ജോലി തിരക്കിലേക്ക് നീങ്ങുമ്പോഴും സഹജീവികളെ സഹായിക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ തുടരുന്നു. ഓഫീസ്, സ്കൂള്‍ സമയങ്ങള്‍ക്കു ശേഷം സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണവര്‍. 

അബുദാബി: പ്രളയ ബാധിതർക്കായി ഗള്‍ഫ് നാടുകളിലെ പ്രവാസി മലയാളികളുടെ സഹായം തുടരുന്നു. 260 ടണ്‍ സാധനങ്ങളാണ് യുഎഇയില്‍ നിന്നു മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാട്ടിലേക്കയച്ചത്.

അവധികള്‍കഴിഞ്ഞ് ജോലി തിരക്കിലേക്ക് നീങ്ങുമ്പോഴും സഹജീവികളെ സഹായിക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ തുടരുന്നു. ഓഫീസ്, സ്കൂള്‍ സമയങ്ങള്‍ക്കു ശേഷം സാധനങ്ങള്‍ ശേഖരിക്കുന്ന തിരക്കിലാണവര്‍. കുട്ടനാട് ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാത്രം ഒരു കണ്ടെയ്നര്‍ സാധനങ്ങളാണ് ആലപ്പുഴ ഇന്‍കാസിന്‍റെ പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ന് കയറ്റിവിട്ടത്.

വസ്ത്രം, ക്ലീനിങ്ങ് സാധനങ്ങള്‍, നാപ്കിന്‍സ്, തുടങ്ങിയ അവശ്യവസ്തുക്കളാണ് നാട്ടിലേക്കയച്ചത്. 260 ടണ്‍ സാധനങ്ങള്‍ യുഎഇയില്‍ നിന്നു മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കെത്തി. ഇതിനു പുറമെ എമിറേറ്റ്സ് റെഡ്ക്രസന്‍റ് ഓഫീസുകളിലേക്കും കേരളത്തിലേക്കുള്ള സഹായങ്ങള്‍ എത്തുന്നുണ്ട്. മലയാളികള്‍ക്ക് പുറമെ വിദേശികളും കേരളത്തിനു കൈത്താങ്ങാവാന്‍ താല്‍പര്യംകാണിച്ച് രംഗത്തുവരുന്നതായി വിവിധ സംഘടനകള്‍ അറിയിച്ചു.