വീഡിയോ ശ്രദ്ധയില്‍പെട്ട റാസല്‍ഖൈമ പൊലീസ്, അടിപിടിയുണ്ടാക്കിയ യുവാക്കളെ തിരിച്ചറിയുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

റാസല്‍ഖൈമ: യുഎഇയിലെ ഷോപ്പിങ് മാളില്‍ അടിപിടിയുണ്ടാക്കിയ സംഘം അറസ്റ്റിലായി. റാസല്‍ഖൈമയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്‍തത്. 

വീഡിയോ ശ്രദ്ധയില്‍പെട്ട റാസല്‍ഖൈമ പൊലീസ്, അടിപിടിയുണ്ടാക്കിയ യുവാക്കളെ തിരിച്ചറിയുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‍ലോഡ് ചെയ്‍തയാളെയും പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ലഹളകളുണ്ടാക്കി പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കരുതെന്ന് നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പൊതുമര്യാദകളുടെ ലംഘനത്തിന് പുറമെ മാനനഷ്ടവും സ്വകാര്യതാ ലംഘനവും പോലുള്ള കുറ്റകൃത്യങ്ങളിലും ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ പങ്കാളികളാക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു.

Read also: വാഹനാപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അബോധാവസ്ഥയില്‍ കഴിയുന്ന പ്രവാസി യുവാവിനെ നാട്ടിലെത്തിച്ചു

പാലത്തില്‍ നിന്ന് കാര്‍ കടലിലേക്ക് പതിച്ച് അപകടം; പ്രവാസി മലയാളി മുങ്ങിമരിച്ചു
മനാമ: ബഹ്റൈനില്‍ പാലത്തില്‍ നിന്ന് കാര്‍ കടലിലേക്ക് പതിച്ച് പ്രവാസി മലയാളി മരിച്ചു. കഴിഞ്ഞ ദിവസം സിത്റ കോസ്‍വേയിലായിരുന്നു അപകടം. ബഹ്റൈനില്‍ ബിസിനസ് നടത്തുകയായിരുന്ന പത്തനംതിട്ട റാന്നി സ്വദേശിയായ ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ (42) ആണ് മരിച്ചത്.

കോസ്‍വേയിലൂടെ കാറോടിക്കവെ വാഹനം നിയന്ത്രണം വിട്ട് കടലില്‍ പതിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് സാഹസികമായി നീന്തി കരയിലെത്തിയെങ്കിലും കാറില്‍ നിന്ന് വിലപ്പെട്ട ചില സാധനങ്ങള്‍ എടുക്കാന്‍ തിരികെ വീണ്ടും വാഹനത്തിനടുത്തേക്ക് നീന്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാതിവഴിയില്‍ തിരമാലകളില്‍ അകപ്പെട്ട് ജീവന്‍ നഷ്ടമാവുകയായിരുന്നു. രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മൃതദേഹം പിന്നീട് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്ക് മാറ്റി. 

കുടുംബത്തോടൊപ്പം ഉമ്മു അല്‍ ഹസ്സാമിലാണ് ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ താമസിച്ചിരുന്നത്. ഭാര്യ വിദ്യ ബഹ്റൈനില്‍ സ്‍കൂള്‍ അധ്യാപികയാണ്. മക്കള്‍ - അഭിജിത്ത്, മാളവിക, ദേവിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.