അജ്‍മാന്‍: മാനസിക വെല്ലുവിളി നേരിടുന്ന എട്ടുവയസുകാരനെ വീട്ടില്‍ നിന്ന് കാണാതായി. മണിക്കൂറുകള്‍ക്കം കുട്ടിയെ കണ്ടെത്തിയ പൊലീസ് സുരക്ഷിതനായി അവനെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. അജ്‍മാനിലെ അല്‍ നുഐമിയയിലായിരുന്നു സംഭവം.

ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്ന കുട്ടിയെ കണ്ട് ട്രാഫിക് പട്രോള്‍ സംഘം വാഹനം നിര്‍ത്തി അടുത്തെത്തുകയായിരുന്നുവെന്ന് നുഐമിയ പൊലീസ് സ്റ്റേഷന്‍ മേഥാവി ലഫ്. കേണല്‍ ഗാലിത് ഖലീഫ അല്‍ കാബി പറഞ്ഞു. കുട്ടിയോട് എവിടെ പോവുകയാണെന്നും മാതാപിതാക്കള്‍ എവിടെയാണെന്നും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പറഞ്ഞില്ല. ഇതോടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് മനസിലാക്കിയ പൊലീസുകാര്‍, കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കായി അന്വേഷണം തുടങ്ങി.

രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തുകയും അവര്‍ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. കുട്ടിയുടെ അച്ഛന്‍ പുറത്തുപോയപ്പോള്‍ വീടിന്റെ വാതില്‍ അടച്ചിരുന്നില്ല. അമ്മ വീട്ടുജോലികളില്‍ മുഴുകിയിരുന്ന സമയത്ത് കുട്ടി ആരുടെയും ശ്രദ്ധയില്‍പെടാതെ പുറത്തിറങ്ങുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

ഈ വര്‍ഷം ഓഗസ്റ്റില്‍ അജ്മാനില്‍ നിന്ന് കാണാതായ മറ്റൊരു കുട്ടിയെ പൊലീസ് അര മണിക്കൂറിനകം കണ്ടെത്തിയിരുന്നു. പ്രവാസികളായ രക്ഷിതാക്കള്‍ കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് അര്‍ദ്ധരാത്രി 1.30നാണ് പൊലീസിന്റെ സഹായം തേടിയത്. ആറ് പട്രോള്‍ സംഘങ്ങളെയാണ് പൊലീസ് അന്ന് കുട്ടിയെ കണ്ടെത്താനായി നിയോഗിച്ചത്. അര മണിക്കൂറിനുള്ളില്‍ തന്നെ ഒരു കടയുടെ സമീപത്തുനിന്ന് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്റ്റേഷനിലെത്തി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.