മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടോ ഭക്ഷണം കഴിച്ചുകൊണ്ടോ വെള്ളം കുടിച്ചുകൊണ്ടോ ഒക്കെ വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ ഇത്തരം അപകടങ്ങള്‍ക്ക് വഴിവെയ്‍ക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

അബുദാബി: അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുവീഴ്‍ത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്‍ത് സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ബോധവത്‍കരണത്തിന്റെ ഭാഗമായാണ് പൊലീസ് അപകടത്തിന്റെ വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

റോഡിന്റെ ഇടതുവശത്തുള്ള ലേനില്‍ വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന കാറാണ് ഡ്രൈവറുടെ അശ്രദ്ധ കാരണം തൊട്ട് മുന്നിലുണ്ടായിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടോ ഭക്ഷണം കഴിച്ചുകൊണ്ടോ വെള്ളം കുടിച്ചുകൊണ്ടോ ഒക്കെ വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ ഇത്തരം അപകടങ്ങള്‍ക്ക് വഴിവെയ്‍ക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. വാഹനമോടിക്കുമ്പോള്‍ മേക്കപ്പ് ചെയ്യുക, ഫോട്ടോകളും വീഡിയോകളും പകര്‍ത്തുക, വാഹനത്തിലുള്ള മറ്റുള്ളവരെ നോക്കി അവരോട് സംസാരിക്കുക തുടങ്ങിയവയും അപകടങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. റോഡുകളിലുണ്ടാകുന്ന ഗുരുതരമായ പല അപകടങ്ങള്‍ക്കും കാരണം ഡ്രൈവിങിലെ അശ്രദ്ധയാണെന്നും പൊലീസ് അറിയിച്ചു. ഇത്തരം പ്രവണതകള്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ശിക്ഷ ലഭിക്കും.

Scroll to load tweet…